മരിയയെ ദേവ വീണ്ടും വിവാഹം കഴിച്ചു. രണ്ടു ദിനം മുന്‍പായിരുന്നു ആദ്യ വിവാഹം . ഇന്ന് അവരുടെ രണ്ടാം ആദ്യ രാത്രി . കഥ തുടങ്ങുന്നത് ഒരു മഞ്ഞു കാലത്താണ്. പ്രകൃതി മാലാഖയെപ്പോലെ വെണ്മ ചൊരിഞ്ഞ വിശുദ്ധ മാസത്തില്‍. കുന്നുമ്മേല്‍ ഇടവകയില്‍ തോപ്പില്‍ വീട്ടില്‍ മാത്യു മകള്‍ മരിയ . അമ്പാട്ട് എന്ന മദ്യ കേരളത്തിലെ പ്രസസ്തമായ നായര്‍ തറവാട്ടില്‍ വാസുദേവന്‍ നായര്‍ മകന്‍ ദേവ എന്ന ദേവന്‍. ഇന്ന് വീണ്ടും ഒരു മഞ്ഞുകാലം. കാറിന്‍റെ ചില്ലില്‍ മൂടികിടന്ന മഞ്ഞിന്‍റെ കണികകള്‍ക്ക് മേല്‍ മരിയ ഡിസംബര്‍ എന്ന് വിരലുകൊണ്ട് എഴുതി . വിരല്‍ തുമ്പിന്റെ സ്പര്‍ശനം കൊണ്ട് ഒരു മഞ്ഞുതുള്ളി താഴേക്കൊഴുകി. മഞ്ഞിന്‍ കണികകള്‍ പറ്റിപ്പിടിച്ചുനിന്ന കറുക പുല്ലുകളെ സാക്ഷി നിര്‍ത്തിയാണ് മുന്‍പൊരു ഡിസംബറില്‍ പ്രിയ കൂട്ടുകാരിയായ മരിയയോടെ ദേവ ഹൃദയത്തിന്റെ പുതു ഭാഷയില്‍ കിന്നാരം പറഞ്ഞത്. സൌഹൃദത്തിന്റെ വേലി പിഴുതു മാറ്റാന്‍ , അവിടെ പ്രണയത്തിന്റെ പൂന്തോട്ടം തീര്‍ക്കാന്‍ ഒരുമിച്ചു തീരുമാനിച്ച ദിനം. എന്നാല്‍ നിറങ്ങള്‍ തൂകുന്ന സുഗന്ദം മാത്രം വമിക്കുന്ന ഒരു പൂച്ചെണ്ട് ഒരുക്കാന്‍ അത്ര എളുപ്പമായിരുന്നില്ല. വിശ്വാസത്തിന്റെ കോണിപ്പടികള്‍ തങ്ങള്‍ക്കായി ഉണ്ടാകും എന്ന പ്രതീക്ഷയില്‍ സ്വപ്നങ്ങളുടെ നിറങ്ങള്‍ അവര്‍ സ്വപ്നം കണ്ടു. വിശ്വാസങ്ങള്‍ ഏറ്റുമുട്ടി . ചിലംബിട്ടു തുള്ളിയ കൊമരതോട് സന്ദി ചെയ്യാന്‍ മറക്കുരിശിന്റെ പുണ്യവാളന്മാര്‍ തയ്യാറായില്ല. പ്രണയമെന്നാല്‍ മുള്ളുമുരിക്കില്‍ വിരിഞ്ഞ മനോഹരമായ ഒരു പൂവ്. ചിലര്‍ക്ക് മുന്നില്‍ അത് കൊഴിഞ്ഞു വീഴും. തോട്ടി കെട്ടിയാലും കല്ല് എറിഞ്ഞാലും ചിലര്‍ക്ക് അത് പറിക്കാനാവില്ല . മറ്റു ചിലരുണ്ട് , കയ്യില്‍ പൊടിയുന്നചോരക്കു സഹനത്തിന്റെ കടലാസില്‍ ചുവന്ന നിറം ചാര്‍ത്താന്‍ പോന്നവര്‍. ഹൃദയത്തിന്റെ നിറം ചുവപ്പാണെന്ന് തിരിച്ചറിഞ്ഞ അവര്‍ ആ ഹൃദയം വരഞ്ഞു കീറും എന്ന് അറിഞ്ഞിട്ടും ആ മുള്ള് മരത്തില്‍ ഏന്തി കയറും. മാംസതിലൂടെ ഓടി മുന ഒടിയുമ്പോള്‍ ആ മരം അവനുമുന്നില് കീഴടങ്ങും. പൂവിറുത്തു അവന്‍ മുറിഞ്ഞ നെഞ്ചോടു ചേര്‍ക്കും. ആ പൂവ് അപ്പോള്‍ ലഹരി ആകും . എല്ലാ വേദനയും മാറ്റുന്ന ലഹരി . മരക്കുരിശിന്റെ പുണ്യവാളന്മാരുടെ പ്രതിനിധി തോപ്പില്‍ മാത്യു, അകന്നുപോകൂ സാത്താനെ എന്ന് ആക്രോശിച്ചു നായകന് മുന്നില്‍ വായുവില്‍ കുരിശു വരച്ചു. അത് കണ്ടു അവന്‍ ഒന്ന് ആശ്വസിച്ചു. വരച്ചത് രണ്ടുവരകള്‍ മാത്രം. ദി ഹോളി ക്രോസ്. അറ്റത്ത് ക്ലാവറുള്ള റോമന്‍ കുരിശു വരക്കാന്‍ മത്തായിയെ തോന്നിപ്പിക്കാതിരുന്ന ഓടെ തമ്പുരാനേ നിനക്ക് സ്തുതി. നിന്നെപോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന വചനം നിന്റെ പിന്തലമുറ ഇങ്ങനെ തിരുത്തി. നിന്നെ പോലെ നിന്റെ അയല്‍പക്കത്തെ നസ്രാണിയും സ്നേഹിക്കുക. കിട്ടുന്നത്നു മുന്നേ കൊടുക്കുനവനാണ് വിജയി . ആ തത്വം തിരിച്ചറിഞ്ഞ ദേവ രണ്ടിലോന്നുരപ്പിച്ചു. എതിരാളിയുടെ ആത്മവിശ്വാസത്തെ അടിച്ചമര്‍ത്തുന്ന ൨൦-൨൦ ക്രിക്കറ്റ് തത്വം. പത്തക്ക നമ്പര്‍ ഡയല്‍ ചെയ്തു. മറുതലക്കല്‍ ഭാവിയിലെ ഭാര്യാ പിതാവ്. രണ്ടും കല്‍പ്പിച്ചു വെടി പൊട്ടിച്ചു. മരിയയെ എനിക്കിഷ്ട്ടമാണ്. കാര്യങ്ങള്‍ എല്ലാം ഒന്ന് സംസാരിക്കണം. മരുമകനാകാന്‍ വിളിച്ചവന്‍ ഒരല്‍പം അപകടകാരി എന്ന് മാത്യു അപകടം മണത്തു. അതുകൊണ്ടുതന്നെ ഒരു പരിച കയ്യില്‍ കരുതി. വാവിട്ട വാക്കും അയച്ച എസ് എം എസും തിരികെ പിടിക്കാന്‍ പോന്നവന്‍ ഇടവകയിലെന്നല്ല സമുദായത്തിലെ ഇല്ല എന്ന് തിരിച്ചരിഞ്ഞവാന്‍ മാത്തുകുട്ടി. എന്‍റെ മകളെ എന്‍റെ മകളായി തിരികെ നല്‍ക്കാന്‍ പിതാവ് യാചിച്ചു. പെരുവിരല്‍ അറത്തു നല്‍ക്കാന്‍ ദേവ അങ്ങനങ്ങ് തയാറായില്ല. ഏതായാലും അംഗം മുറുകും. പെരുവിരലും കവച കുണ്ടലവും പോയാല്‍ തെരുവുവേശ്യക്ക് സമം. ആര്‍ക്കും എപ്പോളും എന്തും ചെയ്യാം. കാക്കിയിട്ടവന്‍ മുതല്‍ കാഷയമിട്ടവാന്‍ വരെ മുഖം മൂടി തിരയും. ആശയ സംവാദങ്ങള്‍ മുറുകി. ദേവക്കു വെറുമൊരു കാമുകന്റെ വേഷം മാത്രം കല്പ്പിച്ചുനല്‍ക്കാന്‍ പിതാവിന്‍റെ ശ്രമം . പ്രായം, പ്രണയം ഇവ പരസ്പര പൂരകം അത്രേ . ജീവിതം രണ്ടാം ദശകം പിന്നിട്ടു തുടങ്ങുമ്പോള്‍ പൊട്ടി മുളക്കുന്ന ഒരു കൂണ്‍ ആണത്രേ പ്രണയം. അല്പ്പായുസിന്റെ ഉത്തമ ദ്രിഷ്ട്ടന്തം. പറിച്ച്‌എറിയുക നീ ആ പൂവിനെ. കുടുംബത്തിന്റെ ഓടാമ്പല്‍ നിനക്ക് തേടാം. കുടുംബത്തിനു വേണ്ടി പ്രണയം ഉപേക്ഷിച്ച ആത്മ കഥ ആദ്യം. പിന്നാലെ വായിച്ചതും കേട്ടതുമായ കുറെ കഥകള്‍. എല്ലാത്തിലും പ്രണയം വില്ലന്‍ ആയിരുന്നു. നായകന്‍ കുടുംബത്തിനുവേണ്ടി പ്രണയത്തെ വെള്ള പുതപ്പിച്ചു ഒപ്പീസ് നല്‍കിയവന്‍. പരസ്പര സ്നേഹത്തോടെ കൂടിക്കാഴ്ച അവസാനിപ്പിച്ച് പിരിഞ്ഞു. ഇനി ഒറിജിനല്‍ അപ്പന്‍റെ കഥ. വാസുദേവന്‍ നായര്‍ തന്‍റെ പേരിനൊപ്പമുള്ള നായര്‍ എന്ന മൂന്നക്ഷരത്തെ നല്ല കറുപ്പില്‍ എന്നും എഴുതി. സഹ ധര്മിണി അതിലും ഒരു പടി മുന്നില്‍. പേരിന്‍റെ നിറം കുറഞ്ഞാലും വാലിന്റെ സ്വര്‍ണനിറം എന്നും ഉറപ്പുവരുത്തിയിരുന്നു മഹതി. വിഷയം അവതരിപ്പിക്കപ്പെട്ടു. ആദ്യം ഒരു പൊട്ടിത്തെറി. അത് അല്ലേലും അങ്ങനാണല്ലോ. പിന്നാണ് രസകരം. കാര്യങ്ങള്‍ എല്ലാം ഗാന്ധി മാര്‍ഗം. സത്യാഗ്രഹവും അല്ല സഹനവും അല്ല, മൌനം. തീവ്ര മൌനം. എന്താണോ എല്ലാവരുടെയും മനസിലുള്ളത് , എന്തിനെ കുറിച്ചാണോ ഏവരും മിണ്ടാന്‍ ഭയക്കുന്നത് ആ പ്രണയ കാര്യത്തെ കുറിച്ച് ദീര്‍ഖമായ മൌനം. അങ്ങനെ ഒന്ന് ഭൂമിയില്‍ സംഭവിച്ചിട്ടില്ല എന്ന് പ്രഖ്യാപനം. വരാനുള്ളതൊന്നും വഴിത്താര മാരിപോകില്ലെന്ന് അറിയാവുന്നവരുടെ സംസ്ഥാന സമ്മേളനം മുദ്രാവാക്യം വിളി ഉപേക്ഷിച്ച പോലെ . മിണ്ടിക്കുന്നത് ഒന്നേ കാണണം എന്ന് പറഞ്ഞു കണ്ണും പൂട്ടി വെള്ളത്തിലേക്ക് ഒരു മുങ്ങല്‍. കാലം ഇതൊന്നും കണ്ടു വഴിയോരത്ത് നിന്നില്ല. വെച്ചുവാണികച്ചവടക്കാരന്റെ തട്ടില്‍ നോക്കി അത്ഭുദം കൂറുന്ന ബാലനല്ലല്ലോ കാലം എന്ന കാലന്‍. ദേവ വീണ്ടും മരിയയെ കണ്ടു. ഒരിക്കല്‍ പുഷ്പ്പിക്കും എന്ന് പറഞ്ഞ് ആ പ്രണയ നിശാഗന്ധിയെ അവര്‍ പോറ്റി വളര്‍ത്തി. ചര്‍ച്ചകള്‍ ഒരു പുലര്‍ കാലത്ത് വീണ്ടും സജീവമായി. ഒറ്റവാക്കില്‍ ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുല. മുന്നോട്ടുവെച്ചത് തോപ്പില്‍ മാത്യു ആയിരുന്നെങ്കിലും അണിയറയില്‍ ആട്ടവിളക്ക് കത്തിച്ചത് മറ്റുപലരും. രണ്ടു മക്കള്‍. അവരുടെ വീര പുരുഷന്മാര്‍. എല്‍സമ്മ മാത്യു എന്ന മിസ്സിസ് മാത്യു. അങ്ങനെ നീളുന്നു കുടുംബം എന്ന എസ്ടബ്ലിഷ്മെന്റ്റ് . വിവാഹം സ്വര്‍ഗത്തില്‍ വെച്ചുനടക്കുന്നു. അപ്പോള്‍ ജീവിക്കേണ്ടത് നരകത്തില്‍ ആണെങ്കിലോ? അപ്പോള്‍ സ്വര്‍ഗത്തിലെ വിവാഹംകൊണ്ട് കാര്യമില്ല. ഇതായിരുന്നു പാരമ്പര്യമായ വിസ്ഭോടന സിദ്ധാന്തം. ഫോര്‍മുല ഇങ്ങനെ. വാല് മുറിക്കണം. അഥവാ മതം മാറ്റം. ജനിതകമാറ്റം എന്ന ആവശ്യം മുന്നോട്ടു വെക്കാഞ്ഞത് അന്തോനിസു പുണ്യാളന്റെ കൃപ. ഇപ്പോളാണ് ശെരിക്കും കുരിശു കാണിക്കുന്നത് . ഒരേ ഒരു പോംവഴി, അത് ഈ പെരുവഴി എന്ന് പറയും പോലെ ഒരു ഫോര്‍മുല. തര്‍ക്കവിതര്‍ക്കങ്ങള്‍ക്കിടയില്‍ പരിച്ചയിലോരെണ്ണം ദേവനും വാങ്ങി. പ്രതിരോധിക്കുന്നതിനൊപ്പം ഒരു കാച്ച് അങ്ങ് കാച്ചി. മതം മാറാം. അള്‍ത്താരയിലെ കുരിശില്‍ കിടക്കുന്ന യേശുവിന്റെ മുള്‍കിരീടത്തിനു മുകളിലെ നാലക്ഷരം ദേവയുടെ മനസ്സില്‍ ഡിസ്പ്ലേ ബോര്‍ഡില്‍ എന്നപോലെ തെളിഞ്ഞു. അയ് എന്‍ ആര്‍ അയ് . ഇനി നിനക്ക് രക്ഷ ഇല്ല. പരിചയുടെ വിശദാംശം ഇതാണ്. പള്ളിയില്‍ വിവാഹം. ചെറുക്കന്റെ അടുത്ത ബന്ധുക്കള്‍ മാത്രം വരും. തോപ്പില്‍ കുടുംബത്തിനു ഏവരയും ക്ഷണിക്കാം . നാടടച്ച് ഒരു കല്യാണം. കെട്ട്നടന്നു രണ്ട്ടാം പക്കം ചെറുക്കന്റെ വീട്ടുകാരെ മുഴുവന്‍ വിളിച്ച് അമ്പലത്തില്‍ താലികെട്ട്. പെണ്‍ വീട്ടുകാരുടെ അടുപ്പക്കാര്‍ മാത്രം വരണം . പരമ്പരാഗത രീതികള്‍ മറക്കുക. പ്രണയത്തിനുവേണ്ടി ഒളിച്ചോടാന്‍ നില്‍ക്കുന്നവര്‍ ഒന്ന് ചെവി തരുക. അപ്പന്റെയും അമ്മയുടെയും നെഞ്ചിലെ തീയില്‍ മണ്ണെണ്ണ കോരി ഒഴിക്കതിരിക്കുക. പണമാണ് ലോകത്തെ നയിക്കുന്നത്. പണമുണ്ടെങ്കില്‍ പരിഹരിക്കാം പ്രശ്നങ്ങളെ . ഒരു ലക്ഷം രൂപ മുടക്കിയാല്‍ ഒരു ഹാളില്‍ കല്യാണം നടത്താം. കല്യാണം എന്നാല്‍ ഒരു കന്നുകാലി പ്രദര്‍ശനം. അമിട്ട് പൊട്ടും പോലെ കാശ് പൊട്ടും. ഒരു കല്യാണം തന്നെ ചിലവിന്റെ സൂചികയെ മേലോട്ട് ഉയര്‍ത്തുമ്പോള്‍ രണ്ടുവട്ടം എങ്ങനെ കെട്ടാന്‍ എന്ന് ചോദിക്കരുത്. പെങ്ങളെ കട്ടോണ്ട് പോകട്ടെ വേണേല്‍ എന്ന മിഥുനം സ്റ്റൈല്‍ ആണ് താല്പ്പര്യമെങ്കില്‍ കഥയ്ക്ക് പൂര്‍ണ വിരാമം. അല്ലാത്തവര്‍ക്ക് തുടരാം. ഫോര്‍മുലക്ക് പച്ചകൊടി. അത്രയ്ക്ക് കളര്‍ ഉള്ള പച്ച അല്ല. എന്നാലും പച്ച എന്ന് വ്യാഖ്യനിക്കപെട്ടു . ഒരു ലക്ഷം രൂപ എന്നതിന് അഞ്ചു പൂജ്യവും ഒരു ഒന്നും തന്നെയാണ് ഇപ്പോളും. എഴുതുന്ന അത്ര വേഗം ഉണ്ടാക്കാനാവില്ല. സ്വന്തമായി അച്ചട്ക്കുന്നതിനെ സ്വയം തൊഴിലായി അന്ഗീകരിച്ചിട്ടും ഇല്ല . റിസര്‍വ് ബാങ്കില്‍ നേരിട്ട് ചെന്നെ ചോദിക്കാനും ആവില്ല. ഉപായം കിട്ടി. പത്തു കൂട്ടുകാരില്‍ നിന്ന് പതിനായിരം വീതം കടം വാങ്ങാം . തിരിച്ചടവ് കാലാവധി ഒരു വര്‍ഷം. സൌഹൃദം ഒരു മരുപ്പച്ചയാണ്. അത് തേടി നടക്കുന്ന ഒരു ഒട്ടകമാവുക നീ. പള്ളിയില്‍ കറുത്ത കോട്ടിട് അച്ചടക്കത്തോടെ നിന്നു. വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു എന്ന് വെളുത്ത ളോഹ ഇട്ട മീശ ഇല്ലാത്ത ഇടയന്‍ പറഞ്ഞപ്പോള്‍ ഓര്‍ത്തു ബൈബിള്‍ വചനം. സ്വര്‍ഗത്തിലേക്കുള്ള പാത ഇടുങ്ങിയതും മുള്ള് നിറഞ്ഞതും അത്രേ . ഇടയന്‍ നീണ്ട പ്രസംഗം നടത്തി. ഇവളെ നിന്റെ പാതിയായി കാണുക എന്ന് സാരം. മുഴുവനായും കാണാന്‍ തയാര്‍ ആണ് അച്ചോ, പക്ഷെ വ്യെവസ്ഥിതികളാണ് ഇതുവരെ എതിരുനിന്നത് എന്ന് പറയാന്‍ നാവു വെമ്പി. ഫ്ലാഷുകള്‍ മിന്നി. കുന്തവും കൂന്താലിയും എടുത്ത് എതിര്‍ത്തിരുന്നവര്‍ ചേര്‍ന്ന് നിന്നു ഫോട്ടോ പടം പിടിച്ചു. ഒന്നും പതിഞ്ഞു കാണരുതേ എന്ന് വെറുതെ പ്രാര്‍ഥിച്ചു അവന്‍. ഒരു പണി നേര്‍ക്ക് നേരെ നിന്നെ കൊടുക്ക വയ്യ. ടെക്നോളജി എങ്കിലും കൂടെ നില്‍ക്കട്ടെ. ആദ്യ രാത്രിയും വ്യത്യസ്തമായിരുന്നു. മൂന്നാംദിനം ഉയര്‍ത്ത് എഴുന്നേറ്റ കര്‍ത്താവെ രണ്ടാം ദിനം എന്‍റെ രണ്ടാം കല്യാണം നീ എങ്ങനെ കൂടും. രാത്രി മുഴുവന്‍ കണക്കുകൂട്ടലും കിഴിക്കലുമാരുന്നു ദേവ. ചരിത്രമാണ് പിറക്കാന്‍ പോന്നത്. താന്‍ ചരിത്ര പുരുഷനും. രണ്ടാം വിവാഹം , അതല്ല ചരിത്ര പ്രാധാന്യം . കെട്ടുന്നത് മരിയ എന്ന തന്റെ ഭാര്യയെ തന്നെയാണ്. രണ്ടു തവണ കെട്ടുന്നത് നല്ലതാണ് . ബന്ധം ധ്രിടമാകട്ടെ . കുരവവിളികളുടെ അകമ്പടിയില്‍ അഗ്നി സാക്ഷിയ്യായി ചരിത്രം പിറന്നു. ദേവയും മരിയയും രണ്ടാം ആദിരാത്രി ആഹോഷിച്ചു. മഞ്ഞു തുള്ളികളില്‍ ആവിയുടെ പ്രവാഹം. വിയര്‍പ്പിന്റെ കണികകള്‍ക്ക് അദ്വാനത്തിന്റെ ഗന്ധം. ഉച്വാസ വായുവിനു ദീര്‍ഖ നിശ്വാസത്തിന്റെ അര്‍ത്ഥ വിരാമം. കാലം സൈക്കിള്‍ സവാരിയിലാണ്. ഋതു മാറിവരും. മഞ്ഞിന്‍ കണികകള്‍ ഉരുകി ഇല്ലാതാവുമ്പോള്‍ നീ കണ്ണ് നനക്കതിരിക്കുക. അവ മടങ്ങിവരും. പണ്ടേ അവഗണിച്ച ഒരു ഓല ചുരുലിനെ പറ്റി ദേവ വെറുതെ ഓര്‍ത്തു. അത് അവന്‍റെ ജാതക കുറുപ്പായിരുന്നു. രണ്ടാം വിവാഹത്തിനെ യോഗം എന്ന് അതില്‍ കോറിയിരുന്നു. ശാസ്ത്രം സത്യമാണ്. കണ്ടുപിടിചില്ലെങ്കിലും ശാസ്ത്രം ഇല്ലാതാവുന്നില്ല.
Saturday, April 2, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment