Friday, November 11, 2011
ലാഡന്‍
ഒന്നിച്ച് ഒരു കോഴ്സ് പഠിച്ച് ഇറങ്ങിയതില്‍ അവനുമാത്രം ജോലി ഭൂമിയിലല്ല. മുഹാമുഖവുംപരീക്ഷകളും ഇല്ലാതെ അവനെ മരണം തിരഞ്ഞെടുത്തു. ഡിഗ്രി ഒന്നാം വര്‍ഷം മുതലേ അരുണ്‍ വളരെ ആക്റ്റീവ് ആയിരുന്നു. ഞാന്‍ അല്‍പ്പം സുന്ദരനാനെന്ന ചെറുതല്ലാത്ത അഹങ്ഗാരം അവന്‍റെ സ്വകാര്യത ആയിരുന്നു. പിന്നോട്ട് ചീകിയ മുടിയും കട്ടി മീശയും മോഹന്‍ലാലിനെപോലെ ആയിരുന്നു. തോള്‍ അല്‍പ്പം ചെരിച്ച് അവന്‍ സ്വയം മോഹന്‍ലാലെന്നു ഒരുപാടുതവണ പ്രഖ്യാപിച്ചു .പെണ്‍കുട്ടികള്‍ക്ക് ആരാധനാ പാത്രമാണ് താന്‍ എന്ന് അവന്‍ വിശ്വസിച്ചു. എല്ലാ കോളേജു കുമാരന്മാരെയും പോലെ അവനും ഒരു പ്രണയം ഉണ്ടായിരുന്നു. ഇടനാഴികളില്‍ വാക്കുകള്‍ കൊണ്ട് അവനും സ്വപ്നം പണിതു. പ്രിന്‍സിപ്പല്‍ വരുമ്പോള്‍ വരാന്തയുടെ മൂലയില്‍ നിന്നു ഓടിമറയുന്ന കാമുകന്മാരില്‍ ഒരാള്‍ അവനായിരുന്നു. ക്ലാസില്‍ നടുവിലെ റോയില്‍ മൂന്നാം ബെഞ്ചിലെ മീനടംകാരന്‍. കളിക്കാനായാലും കലക്കാനായാലും ഏതു പെരുപാടിക്കും മുന്‍പില്‍. കലാകാരന്‍ എന്ന് സ്വയം പ്രഖ്യാപിച്ചതിനാല്‍ ഓണത്തിന് അത്തപൂക്കളത്തിന്റെ മേല്നോട്ടമേല്‍ക്കും. ഒട്ടുക്ക് ആരോഗ്യമില്ലാതതിനാല്‍ വടംവലി ടീമിന്റെ മാനേജരാകും. ക്രിക്കറ്റിലും ഫുട്ബോളിലും മുന്നിലിറങ്ങും. പരീക്ഷകളെയും പേപ്പര്‍ നോക്കുന്ന അധ്യാപകരെയും പറ്റിക്കാന്‍ ഒരാഴ്ചകൊണ്ട് ഞങ്ങള്‍ തയ്യാറെടുക്കുമ്പോള്‍ അവനും ഒപ്പം ഉണ്ടായിരുന്നു. കോളേജിലെ പെരുപാടികള്‍ക്കു തലേന്ന് ഉറക്കമോഴിച്ചു നടുറോഡില്‍ ക്ലാസിന്റെ സ്പ്യ്ടെഴ്സ് എന്ന തൂലികനാമം തൊണ്ട് ചതച്ചു നീറ്റിയ കക്കയില്‍ മുക്കി എഴുതുമ്പോള്‍ അഭിപ്രായങ്ങളുമായി അവനും ഉണ്ടായിരുന്നു. അക്ഷരങ്ങള്‍ തെറ്റുമ്പോള്‍ ഉറക്കെ ചിരിക്കാനും ചിലന്തി വല വരക്കാന്‍ വിരല്‍ ചലിപ്പിക്കാനും കൂടെ നിന്നു. ഒടുവില്‍ ഒരുനാള്‍ ഓടോഗ്രഫില്‍ എന്തൊക്കെയോ കുറിച്ചിട്ട് പ്രണയവും രാഷ്ട്രീയവും മാവിന്‍ ചുവടിലെ തണലും കുസൃതികളും എല്ലാം ഉപേക്ഷിച്ച് യാത്രാ ഇളവില്ലാത്ത ജീവിതയാത്രയിലേക്ക്. ഉന്നത പഠനത്തിന്റെ സാധ്യത തേടാതെ കുടുംബം പോറ്റാന്‍ പ്രവാസം. മണലിന്റെ നാട്ടില്‍ വെച്ച് ഒരിക്കല്‍ കാല് ഒന്നേ പതറി . ഒരു തളര്‍ച്ച. കാരണമറിയാതെ നാട്ടിലേക്ക് പറന്നു. ഒരു കൈ സഹായമില്ലാതെ ഇരുപ്പിടം വിടാന്‍ കഴിയാത്ത അവസ്തയിലെക്കെ ഒരു പതനം.
ഇതൊന്നുമറിയാതെ ഞങ്ങള്‍ കൂട്ടുകാര്‍ പലയിടത്തായി കഴിയുകയാണ്. അപ്പോളാണ് ആകസ്മികമായി ഒരു ഫോണ്‍ കോള്‍ എന്നെ തേടി എത്തിയത്. അത് അവനാണെന്ന് അറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം. ആറ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവന്‍റെ ശബ്ദം കേള്‍ക്കുന്നത്. തമ്മില്‍ സംസാരിക്കുന്നത്. തമാശകള്‍ക്ക് ഒരു കുറവുമില്ല. ഞാന്‍ അമൃത ടി വിയിലാണെന്ന് അവനറിയാം.
നീ എവിടെയാണിപ്പോള്‍,ഞാന്‍ ചോദിച്ചു. നിന്റെ സഹോദര സ്ഥാപനത്തിലാനെന്നു മറുപടി. കൊച്ചിയില്‍,അമൃത ആശുപത്രിയില്‍ .ബി കോംകാരന് ആശുപത്രിയില്‍ എന്ത് ജോലി? അക്കൌണ്ടാന്റാണോ ? മറുപടി ഉടന്‍ വന്നു.; അല്ല , അഡ്മിറ്റ് ആണ്. പിന്നാലെ ഒരു ചിരി. മരണം വാ പിളര്‍ത്തി അരുകിലെതിയ ഒരു കഥ അവന്‍ പറഞ്ഞു. പിന്നെ അവന്‍ സുഖം പ്രാപിച്ചു. ആശുപത്രി വിട്ടു.
അന്നോരുനാളില്‍ അവനെ കാണാന്‍ ഞങ്ങള്‍ പഴയ സഹപാഠികള്‍ പോയി. കണ്ടത് കണ്‍ നിരക്കുന്ന കാഴ്ച. തളര്‍ച്ച ബാധിച്ച കൂട്ടുകാരന്‍. പക്ഷെ ആ നാവ് അപ്പോളും ചടുലം. മരണം നേരില്‍ കണ്ടെന്ന് അവന്‍. അബോധാവസ്ഥയില്‍ ഐ സി യുവില്‍ കിടന്ന അഞ്ചു ദിവസക്കാലത്തെ അങ്ങനെയാണ് അവന്‍ വിശേഷിപ്പിച്ചത്. മരിച്ചു എന്ന് അവന്‍ തിരിച്ചറിഞ്ഞു. ആ തിരിച്ചരിവുകൂടി ഇല്ലായിരുന്നുവെങ്കില്‍ അന്നേ അവന്‍ മരിച്ചേനെ. മികച്ച ജീവനക്കാരന് അറബി നല്‍കിയ മ്യൂസിക് സിസ്റ്റത്തില്‍ ഒന്ന് അവന്‍റെ വീട്ടില്‍ കണ്ടു. ഗള്‍ഫില്‍ നിന്ന് അമ്മക്കുനല്കാന്‍ അവന്‍ തിരഞ്ഞെടുത്തത് മുരളുന്ന ഒരു കടുവയുടെ ബൊമ്മ. തളര്‍ന്ന മകനെ നോക്കി നില്‍ക്കുന്ന അമ്മയുടെ നെഞ്ചില്‍ ആ മുരളല്‍ ഒരു തീരാ നോവായി. നടന്നു തുടങ്ങിയാലുടന്‍ താന്‍ ഗള്‍ഫിലേക്ക് മടങ്ങുമെന്ന്പറഞ്ഞാണ് അരുണ്‍ ഞങ്ങളെ യാത്രയാക്കിയത്. അവന്‍ വാക്കുപാലിച്ചു. ആദ്യം നടന്നു തുടങ്ങി. പിന്നെ പറന്നു. പക്ഷെകാത്തിരുന്നത് മറ്റൊന്നായിരുന്നു. ദുരന്തം അവനെ വിട്ടൊഴിഞ്ഞില്ല. വീണ്ടും തളര്‍ച്ച. മടങ്ങിവരാന്‍ നിര്‍ബധിക്കപ്പെട്ടു. ബോധം വീണ്ടും നഷ്ട്ടപ്പെട്ടു. മരിച്ചെന്നു വീണ്ടും അവന്‍ തിരിച്ചറിഞ്ഞു. പിന്നെ ആ തിരിച്ചറിയല്‍ ഇല്ലാതായി. അപ്പോള്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു അവന്‍ ഇനി ഇല്ലെന്ന്. ബ്രെയിന്‍ ട്യുമര്‍ അവനെ കൂട്ടികൊണ്ടുപോയി. ചിരിയും കളിയുമെല്ലാം ഓര്‍മകളില്‍ ഒരു വളപൊട്ടായി . മറക്കാന്‍ ശ്രെമിച്ചു ജീവിക്കുമ്പോള്‍ ഓടോഗ്രാഫില്‍ അവന്‍റെ കുറിപ്പുകള്‍. അവന്‍റെ ചെല്ലപ്പേര് ലാഡന്‍ എന്നായിരുന്നു. എവിടെ നിന്നോ വന്നു എവിടെക്കോ പോയ ഒരു ലാഡഗുരു.
Subscribe to:
Post Comments (Atom)
No comments:
Post a Comment